"നീ എന്നിൽനിന്നും എന്താണു പ്രതീക്ഷിക്കുന്നത്?"
അപ്രതീക്ഷിതമായി ആ ചോദ്യം കേട്ടപ്പോൾ അവളൊന്നമ്പരന്നു.
"സ്നേഹമല്ലാതെ മറ്റൊന്നും തരാൻ എനിക്കാവില്ല,മറ്റൊന്നും എന്നിൽനിന്നു പ്രതീക്ഷിക്കരുത്.വാക്കുകൾ കടുത്തെങ്കിൽ ക്ഷമിക്കണം"
ഒരു നിമിഷത്തേക്ക് എന്തു പറയണമെന്നറിയാതിരുന്നു.അതുപോലും താൻ പ്രതീക്ഷിക്കുന്നില്ലെന്നു പറയണമെന്നുണ്ടായിരുന്നു,പറഞ്ഞില്ല.അയാളുടെ മനസ്സിൽ എന്തായിരിക്കാം എന്നു ചിന്തിക്കുന്നതുതന്നെ പേടിപ്പെടുത്തുന്നതായിരുന്നു.തെറ്റിദ്ധരിക്കപ്പെടുന്നത് സ്വാഭാവികമെങ്കിലും ഇത് അപമാനപ്പെടുത്താവുന്നതിന്റെ അങ്ങേയറ്റമാണ്.
"അങ്ങെന്താണിപ്പോൾ അങ്ങനെ ചോദിക്കുവാൻ?ഞാൻ താങ്കളിൽ നിന്നും എന്തു പ്രതീക്ഷിക്കുവാൻ?"
തന്റെ ശബ്ദം പതറാതിരിക്കാൻ അവളങ്ങേയറ്റം പരിശ്രമിക്കുന്നുണ്ടെന്നത് അയാൾ ശ്രദ്ധിച്ചു
"അതാണെന്നെയും കുഴയ്ക്കുന്നത്.മഹാരാജനിൽ രാജ്ഞിക്കുള്ളതിനേക്കാൾ സ്വാധീനം നിനക്കാണെന്നാണ് ജനസംസാരം.അത് വാസ്തവവുമാണ്.എന്നിട്ടും നീ എനിക്കു പ്രാമുഖ്യം കല്‌പ്പിക്കണമെൻകിൽ....."
"എങ്കിൽ....അങ്ങത് അർദ്ധഗതിയിൽ നിർത്താതെ മുഴുമിപ്പിക്കൂ"
"എനിക്കറിയില്ല നിന്റെ മനസ്സിലെന്താണെന്ന്.ഞാനൊരു ഊരുതെണ്ടി,നിന്റെ ചിലവിൽ ഉണ്ടുസുഖിച്ചു കഴിയുന്നു.നീയാകട്ടെ നിഗൂഡതയുടെ പൂങ്കാവനവും.എനിക്കു നിന്റെ മനോവിചാരങ്ങളെ പിന്തുടരാനാവുന്നില്ല.എങ്കിലും നമ്മളൊക്കെയും മനുഷ്യാണല്ലോ,വെറും..."
അയാളെ അതു പൂർത്തിയാക്കുവാൻ അവളനുവദിച്ചില്ല,അതിനു മുൻപേ അവളുടെ കരങ്ങളാൽ അയാളുടെ ചുണ്ടുകൾ മൂടപ്പെട്ടു.അവ പതിവില്ലാതെ തണുത്തിരിക്കുന്നതായ് അയാൾക്കനുഭവപ്പെട്ടു
"പറഞ്ഞു വരുന്നതെന്തെന്ന് മനസ്സിലാക്കുന്നു പ്രഭോ.എത്ര വിദഗ്ദനെങ്കിലും പെരുന്തച്ചനെന്നും മകനെ കൊന്നവൻ എന്ന പേരിലറിയപ്പെടാനാണ് വിധി"
"ഞാനത്രയ്ക്കൊന്നും അർത്ഥമാക്കിയില്ല"
കുറച്ചിട അവൾ നിശബ്ദയായിരുന്നു.അരണ്ട വെളിച്ചത്തിൽ പരസ്പരം കാണില്ലെന്നത് അവൾക്കൊരനുഗ്രഹമായ് തോന്നി.
"അങ്ങ് ബുദ്ധിമാനാണ്.കാര്യങ്ങൾ വിശകലനം ചെയ്യുന്നതിൽ മിടുക്കനും.പക്ഷേ അങ്ങേയ്ക്കും തെറ്റുന്നു.എല്ലാവരേയും തൃപ്തിപ്പെടുത്തുന്നതിനിടയിൽ സ്വയം സന്തോഷം കണ്ടെത്താനുള്ള ഒരുപാധിയായിട്ടായിരുന്നിരിക്കാം ഞാൻ അങ്ങയെ കണ്ടത്.അതിലുമപ്പുറം വേറൊരു തലത്തിലേയ്ക്കും എന്റെ വ്യാമോഹങ്ങൾ നീളുന്നില്ല"
ചോദിക്കേണ്ടിയിരുന്നില്ലെന്ന് ഒരുഞൊടി അയാൾക്കു തോന്നി.വാക്കുകളുടെ കൂരമ്പുകൾ ഏതു കവചകുണ്ഡലങ്ങളേയും തകർത്ത് ഹൃദയത്തെ മുറിവേൽപ്പിക്കുമെന്നതിൽ സംശയമേതുമില്ലായിരുന്നു
"നീ എന്നെ വെറുക്കുന്നുവോ?"
"എന്തിനു പ്രഭോ?സ്നേഹിക്കുവാനല്ലേ എന്റെ തൊഴിൽ പോലും പഠിപ്പിക്കുന്നത്,അതുപക്ഷേ മടിശ്ശീലയുടെ കനത്തിനനുസരിച്ചാണെന്നു മാത്രം"
"നീ..."
"അതെ പ്രഭോ,അങ്ങേയ്ക്കു പോകാം.ഉത്തരം ലഭിക്കുന്നതു വരെയ്ക്കുമേ ചോദ്യങ്ങൾക്കു പ്രസക്തിയുള്ളൂ.എനിക്കുള്ള മറുപടി ലഭിച്ചുകഴിഞ്ഞു,ഞാൻ ചോദിച്ചില്ലെങ്കിലും.
ക്രീഡാഗൃഹങ്ങൾ ഇനിയുമുണ്ട്.അതല്ലാ ഈ വേശ്യയുടെ സാമീപ്യമാണു ആഗ്രഹിക്കുന്നതെങ്കിൽ കൈ നിറയെ പണവുമായ് വരൂ,സുന്ദരങ്ങളായ ഏതാനും മണിക്കൂറുകൾ ഞാൻ അങ്ങേയ്ക്കായ് നീക്കിവയ്ക്കാം."
"നീ ചിലപ്പോഴൊക്കെ വളരെയേറെ ക്രൂരയാണ്.സ്ത്രീകൾക്കിത്ര ക്രൂരത പാടില്ല"
പിന്നെ എത്രത്തോളം ആവാം എന്നു ചോദിക്കണമെന്നുണ്ടായിരുന്നു.സ്ത്രീകളെക്കുറിച്ച് എന്താണു കരുതിയിരിക്കുന്നതെന്നും.പിന്നീട് തോന്നി ബധിരകർണ്ണങ്ങളിൽ മൂകവിലാപം തന്നെ അനുയോജ്യമെന്ന്.നിസ്സംഗതയുടെ മുഖത്ത് അവഗണനയുടെ ആവരണം നന്നേ ചേരുന്നുണ്ട്.
നീണ്ടുനിൽക്കുന്ന മൗനം അലോസരപ്പെടുത്തിയതുകൊണ്ടാവാം അയാളെഴുന്നേറ്റത്.അകലുന്ന കാലടിയൊച്ചകൾ മനസ്സിലെ കാർമേഘങ്ങളെ ഒന്നുകൂടി കറുപ്പിച്ചതേ ഉള്ളൂ.ഇനി വരുന്ന കാറ്റിൽ അവയെല്ലാം ദൂരത്തേയ്ക്കു തൂക്കിയെറിയപ്പെടാനുള്ളതാണല്ലോ.വീശിയടിക്കുന്ന ഒരു കാറ്റും പ്രതീക്ഷിച്ച് അവളവിടെയിരുന്നു
നല്ല എഴുത്ത്. എന്നാലും പറയാനെന്തോ ബാക്കിയുള്ളതുപോലെ.
മറുപടിഇല്ലാതാക്കൂവേഡ് വെരിഫിക്കേഷൻ ഒഴിവാക്കിക്കൂടേ?